ബംഗളൂരു: തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍.സി.ബിയെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് സീസണിലെ മൂന്നാം ജയം കൊല്‍ക്കത്ത സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് വേണ്ടി ജേസണ്‍ റോയ് മികച്ച തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയെന്നോണം കത്തിക്കയറിയ റോയ്ക്ക് മുന്നില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ തരിച്ചു നിന്നു. കൂട്ടത്തില്‍ ഷഹ്ബാസ് അഹമ്മദാണ് റോയിയുടെ ആക്രമണത്തിന്റെ ചൂടറിഞ്ഞത്. മത്സരത്തില്‍ ആകെ ഒരോവര്‍ മാത്രമേ ഷഹബാസ് എറിഞ്ഞുള്ളൂ. ആ ഒരോവറില്‍ നാല് സിക്‌സറുകളാണ് റോയ് പറത്തിയത്. ഷഹബാസ് ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 25 റണ്‍സ് വഴങ്ങിയിരുന്നു. 29 പന്തില്‍ അഞ്ച് സിക്‌സിന്റേയും നാല്‌ഫോറുകളുടേയും അകമ്പടിയോടെ 56 റണ്‍സെടുത്ത റോയിയെ വൈശാഖ് വിജയ് കുമാര്‍ പുറത്താക്കിയെങ്കിലും റോയ് കൊളുത്തിവച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കുസിംഗും അവാസാന ഓവറില്‍ ഡേവിഡ് വീസും ഏറ്റെടുത്തപ്പോള്‍ കെ.ക.കെ.ആര്‍ സ്‌കോര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 200 എന്ന നിലയിലായി. നിതീഷ് റാണ 48(21), റിങ്കു സിംഗ് 18*(10), ഡേവിഡ് വീസ് 12*(3) റണ്‍സ് നേടി. ബാംഗ്ലൂരിന് വേണ്ടി ഹസരംഗയും വൈശാഖ് വിജയ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ കോലിക്ക് മാത്രമേ കാര്യമായ സംഭവന ആര്‍.സി.ബിക്കായി നല്‍കാനായുള്ളൂ. 37 പന്തില്‍ 54 റണ്‍സെടുത്ത കോലി പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. മഹിപാല്‍ ലോമ്രോര്‍ 34(18), ദിനേശ് കാര്‍ത്തിക് 22(18) എന്നിവര്‍ ചെറിയ പ്രതീക്ഷ ബാംഗ്ലൂരിന് നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ ആര്‍.സി.ബിക്കായുള്ളൂ. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവ്രര്‍ത്തി മൂന്നും സുയാഷ് ശര്‍മ, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.