സ്വര്‍ഗത്തില്‍ പോകാന്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി; തിരച്ചില്‍ തുടരുന്നു

സ്വര്‍ഗത്തില്‍ പോകാന്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി; തിരച്ചില്‍ തുടരുന്നു

നെയ്‌റോബി: പട്ടിണികിടന്നു മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കഴിഞ്ഞു. തീരനഗരമായ മാലിന്ദിയില്‍ നിന്നാണ് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഗുഡ്‌ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരില്‍ക്കാണാനും പട്ടിണി കിടക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തത്. തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിനുള്ളിലെ കൂട്ടകുഴിമാടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കുഴിമാടമുള്‍പ്പെടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന് ചുറ്റുമുള്ള 325 ഹെക്ടര്‍ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും അടുത്തകാലത്തായി 112 പേരെ കാണാതായതായി പൊലീസ് പറഞ്ഞു. കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്.

95 പേരുടെ മരണത്തിന് കാരണക്കാരനായ ഗുഡ്‌ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് എന്ന കൂട്ടായ്മയുണ്ടാക്കിയ പോള്‍ മക്കെന്‍സീ എന്‍തെംഗെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരോഹതനടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു. മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *