തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന് വയനാട്, എറണാകുളം എന്നീ ജില്ലകളിലും, 29ന് ഇടുക്കി, പാലക്കാട്, 30ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, ഒന്നിന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. ബുധനാഴ്ച തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനുട്ടില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയില്‍ 15 മിനുട്ടില്‍ 9.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. അതേസമയം പകല്‍ സമയങ്ങളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഈ ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനില ലഭിക്കും. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസുമാണ്.