വിദ്വേഷ പരാമര്‍ശം:  അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

വിദ്വേഷ പരാമര്‍ശം:  അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷവും വളര്‍ത്തുന്നതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബെലഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്കും അമിത് ഷാക്കുമെതിരെ എത്രയും വേഗത്തില്‍ എഫ. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിജയപുരയില്‍ നടന്ന റാലിയില്‍ സംസ്ഥാനത്ത് വ്യത്യസ്ത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷം വളര്‍ത്താനും ബിജെപി ശ്രമിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബി. ജെ. പി നേതാക്കള്‍ ബോധപൂര്‍വം തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കോണ്‍ഗ്രസിനും നേതൃത്വത്തിനും എതിരെ തെറ്റായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതായും കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടകയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിനും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ വ്യാജവും വര്‍ഗീയവുമായ നിരവധി ആരോപണങ്ങള്‍ അമിത് ഷാ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ‘മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ കസ്റ്റഡിയിലെടുത്ത എല്ലാ പിഎഫ്ഐ പ്രവര്‍ത്തകരെയും വിട്ടയച്ചിരുന്നുവെന്നും അവരെ വീണ്ടും ജയിലിലടച്ചത് ബിജെപി സര്‍ക്കാരാണെന്നും അമിത് ഷാ പറഞ്ഞതായി പരാതിയില്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന തെറ്റായ കാര്യവും അമിത് ഷാ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കും. ഇതെല്ലാം കര്‍ണ്ണാടകയില്‍ കലാപങ്ങള്‍ക്കാണ് വഴിവെക്കുക. റിവേഴ്സ് ഗിയറിലായിരിക്കും സംസ്ഥാനത്തിന്റെ വികസനം. അഴിമതി വര്‍ധിക്കും. ബി. ജെ. പിക്ക് മാത്രമാണ് കര്‍ണാടകയെ നയിക്കാനാവുക.’ എന്നായിരുന്നു അമിത്ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണ പുനഃസ്ഥാപിക്കുമോയെന്ന് അമിത് ഷാ വെല്ലുവിളിച്ചിരുന്നു. മതാടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നു.  ബി. ജെ. പി സര്‍ക്കാര്‍ മുസ്ലിം സംവരണം എടുത്തുകളഞ്ഞു. അധികാരത്തില്‍ വന്നാല്‍ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെല്ലുവിളിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *