ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മാസം രാമനവമി ആഘോഷത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ എന്‍. ഐ. എ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ബി. ജം. പി നേതാവ് സുവേന്ദു അധികാരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണം പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്ന് എന്‍. ഐ. എക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
കഴിഞ്ഞ മാസം രാമനവമി ആഘോഷത്തിനിടെ ഹൗറയിലെ ഷിബ്പൂരില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ജീപ്പടക്കമുളള വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. പിന്നീട് ഹൂഗ്ലി ജില്ലയിലെ റിഷ്റയിലും ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോലയിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാമനവമി ഘോഷയാത്ര കാജിപട് മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ജാഥയ്ക്കിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബി. ജെ. പി ശ്രമിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണ്ടകളെ ബി. ജെ. പി വാടകക്കെടുത്തെന്നും മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് ബി. ജെ. പി രംഗത്തെത്തി. മമത ബാനര്‍ജി സര്‍ക്കാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയും ഹിന്ദുക്കളെ ലക്ഷ്യമിടുകയാണെന്നും ബി. ജെ. പി ആരോപിച്ചു. ബിഹാറിലെ ഹിന്ദുക്കള്‍ ധാരാളം ഭീഷണികള്‍ നേരിടുന്നതായും പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.