കോഴിക്കോട്: കോഴിക്കോടിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കാന്‍ കെ.എസ്.എസ്.ഐ.എയുടെ ആഭിമുഖ്യത്തില്‍ ‘റീ ഇന്‍വെന്റ് കോഴിക്കോട് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് 2023’ സംഘടിപ്പിക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സി റസാക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 30ന്(ചൊവ്വ) അപ്പോളോ ഡിമോറയിലാണ് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് നടക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐ.എ.എസ്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, റൂറല്‍ ഡെവലപ്‌മെന്റ് ആന്റ് റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്കം ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി എം.ഡി ഹരികിഷോര്‍ ഐ.എ.എസ്, വര്‍ഗീസ് മാലക്കാരന്‍ (ജി.എം, കെ.എസ്.ഐ.ഡി.സി), ബിജു.പി അബ്രഹാം (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം), ദേബാഷിഷ് ചാറ്റര്‍ജി(ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്), രാജേഷ്‌നായര്‍(ഏണസ്റ്റ് ആന്റ് യംഗ്), പ്രൊഫ.സജി ഗോപിനാഥ് (വൈസ് ചാന്‍സലര്‍, കേരള ടെക്‌നോളജി യൂണിവേഴ്‌സിറ്റി) പ്രൊഫ.എം.കെ ജയരാജ് (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പ്രൊഫ.പ്രസാദ്കൃഷ്ണ(ഡയരക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), അനുപ് അംബിക (സി.ഇ.ഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍) എന്നിവര്‍ മീറ്റില്‍ സംബന്ധിക്കും.
ജില്ലയിലെ വ്യവസായങ്ങളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുകയും നവസംരംഭകര്‍ക്ക് ജില്ലയില്‍ വ്യവസായ സാധ്യതകള്‍ കണ്ടെത്തുകയും അതിനാവശ്യമായ സഹകരണം ലഭ്യമാക്കുന്നതിനും മീറ്റ് വഴിതുറക്കും. ജില്ലയില്‍ സാമ്പത്തിക വികസനം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് മീറ്റ് സംഘടിപ്പിക്കുന്നത്. പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളും മീറ്റിനെത്തും. മീറ്റില്‍ മുന്നൂറോളം പേര്‍ പങ്കെടുക്കും. ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരേയും പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായങ്ങള്‍ക്കും മാനുഫാക്ച്ചറിംഗിനും വളര്‍ച്ചയുണ്ടാക്കലാണ് ലക്ഷ്യമെന്ന് വി.കെ.സി റസാക്ക് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.എസ്.ഐ.എ മുന്‍ സംസ്ഥാന പ്രസിഡന്റും ഓര്‍ഗനൈസിംഗ് കമ്മിറ്റി രക്ഷാധികാരിയുമായ എം.ഖാലിദ്, കോ-ഓര്‍ഡിനേറ്റര്‍ എം.അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനര്‍ ബാബു മാളിയേക്കല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.