ന്യൂഡല്‍ഹി: കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്ന വിവാഹ ബന്ധമാണെങ്കില്‍ ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്കാമെന്ന് സുപ്രീംകോടതി. ഇരുപത് കൊല്ലമായി പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജെബി പര്‍ദിവാല എന്നിവരുടെ ബഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
വിവാഹ ബന്ധം പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും വിവാഹമോചനത്തിനുള്ള കാരണമായി ഇത് നിലവിലെ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഒരാള്‍ക്കെതിരെയുള്ള ക്രൂരത വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം. കലുഷിതമായ ബന്ധം രണ്ടു പേരോടുമായുള്ള ക്രൂരതയായി കണക്കാക്കാം എന്നാണ് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിയഞ്ച് കൊല്ലമായി പരസ്പരം കേസുകള്‍ നല്കി പിരിഞ്ഞ് കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതികളുടെ കേസാണ് കോടതിക്ക് മുമ്പാകെ എത്തിയത്. ഡല്‍ഹി ഹൈക്കോടതി വിവാഹമോചനത്തിനുള്ള ഭര്‍ത്താവിന്റെ അപേക്ഷ തള്ളിയിരുന്നു.