ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിന് ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മലയാളി സ്ത്രീകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വാടകഗര്‍ഭധാരണ നിയമത്തില്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിനു കൊണ്ടുവന്ന നിബന്ധനകള്‍ ചോദ്യം ചെയ്താണ് ഹര്‍ജി. അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗര്‍ഭധാരണ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വാടകഗര്‍ഭധാരണ നിയമത്തില്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിനു കൊണ്ടുവന്ന നിബന്ധനകള്‍ പ്രകാരം, വാടകഗര്‍ഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികള്‍ക്കു പുറത്തു നിന്നൊരാളുടെ അണ്ഡകോശം സ്വീകരിക്കുന്നതിനു വിലക്കുണ്ട്. പകരം, ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗര്‍ഭ ധാരണം പൂര്‍ത്തിയാക്കേണ്ടത്.
അതേസമയം, വിധവയോ വിവാഹബന്ധം വേര്‍പ്പെടുത്തുകയോ ചെയ്ത സ്ത്രീയാണെങ്കില്‍ ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നാണ് മാര്‍ച്ചില്‍ കൊണ്ടു വന്ന ഭേദഗതി. വാടകഗര്‍ഭധാരണ നിയമത്തിലെ മറ്റെല്ലാ വ്യവസ്ഥകളും ബാധകമായ സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും തടസ്സമാകുന്നുവെന്നും ഇതില്‍ മാറ്റം ആവശ്യമാണെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികരീതിയില്‍ ഗര്‍ഭധാരണത്തിനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയെങ്കിലും ഇതു വിജയകരമായില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഹര്‍ജി. ആരോഗ്യമന്ത്രാലയം തിടുക്കപ്പെട്ടു കൊണ്ടുവന്നതാണ് ഭേദഗതിയെന്നും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമവിരുദ്ധവും വിവേചനപരവുമായ വ്യവസ്ഥ ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.