കോഴിക്കോട്: കലാകാരന്മാരുടെ കൂട്ടായ്മയായ നൃത്ത സമന്വയം കലാഗൃഹം അവതരിപ്പിക്കുന്ന ‘പഞ്ചാക്ഷരി ഇന്റര്‍നാഷണല്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ആന്റ് കോമ്പറ്റീഷന്‍-2023’ മെയ് രണ്ട് മുതല്‍ നാല് വരെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് കലാമണ്ഡലം സത്യവ്രതനും ജനറല്‍ സെക്രട്ടറി പ്രസാദ് ഭാസ്‌ക്കരയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൃത്തോത്സവത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിലേക്കായുള്ള അപ്ലിക്കേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, കഥക്, ഒഡീസി, നാടോടിനൃത്തം, സംഘനൃത്തം, സെമി-ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര മത്സരങ്ങളോടൊപ്പം പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും ഉണ്ടായിരിക്കും. സോളോ, ഡ്യൂയറ്റ്, ഗ്രൂപ്പ് എന്നിങ്ങനെ ജൂനിയര്‍, സീനിയര്‍, യൂത്ത്, ഓപ്പണ്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ നടക്കും.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡും നല്‍കും. ഇതിന് പുറമേ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ലഭിക്കും. എല്ലാദിവസവും വൈകീട്ട് അഞ്ച് മണിക്ക് ശേഷം പ്രഗത്ഭരായ നര്‍ത്തകരുടെ ദേശീയ നിലവാരത്തിലുള്ള നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ.സുനന്ദനായര്‍(മോഹിനിയാട്ടം), കലാമണ്ഡലം സത്യവ്രതന്‍(കേരളനടനം), ബിജുലാ ബാലകൃഷ്ണന്‍(കുച്ചിപ്പുടി), ഡോ.ജോയ്കൃഷ്ണ(കേരളനടനം), വിനീതശ്രീനന്ദന്‍(മോഹിനിയാട്ടം), മഞ്ജു വി.നായര്‍(ഭരതനാട്യം), അനില്‍ വെട്ടിക്കാട്ടിരി(കുച്ചിപ്പുടി) എന്നിവര്‍ക്ക് പുറമേ 200ഒളം നര്‍ത്തകര്‍ മൂന്ന് ദിവസങ്ങളിലായി വേദിയില്‍ മാറ്റുരയ്ക്കും. നിര്യാതരായ നൃത്ത ആചാര്യന്‍മാരുടെ പേരിലുള്ള ഗുരു കലാമണ്ഡലം ചന്ദ്രിക പുരസ്‌കാരം, ഗുരു ബാലകൃഷ്ണ പുരസ്‌കാരം, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നീ പുരസ്‌കാരങ്ങളും നല്‍കി മുതിര്‍ന്ന ഗുരുക്കന്‍മാരെ ആദരിക്കുകയും ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രദീപ് ഗോപാല്‍, ബ്രിജുല ബാലകൃഷ്ണന്‍, കലാമണ്ഡലം ആതിര എന്നിവര്‍ സംബന്ധിച്ചു.