നൊച്ചാട്: പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ അടിയന്തിരമായി തുറന്ന് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് എല്‍.ഡി.എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ ഏതാണ്ട് 400 ഓളം കുടുംബങ്ങള്‍ ഡിസ്ട്രിബ്യൂട്ടറി കനാല്‍ തുറക്കാത്തതിന്റെ ഭാഗമായി രൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. പല തവണ ജനപ്രതിനിധികള്‍ അധികാരികളെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. രാമല്ലൂര്‍ കരിങ്ങാറ്റി ക്ഷേത്രം മുതല്‍ നൊച്ചാട് വാര്യങ്കണ്ടി താഴെ വരെയുള്ള പ്രദേശവാസികളാണ് ജലക്ഷാമം നേരിടുന്നത്. വറ്റിക്കൊണ്ടിരിക്കുന്ന കിണറുകളില്‍ ഉറവയില്ലാത്തതിനാല്‍ കുടിവെള്ളക്ഷാമവും അതുപോലെ സമീപത്തെ നെല്‍വയലിലെ ഏക്കറ് കണക്കിന് കൃഷികളും കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റ് ഭാഗങ്ങളിലേക്ക് ജലം നല്‍കേണ്ടതിനാലാണ് നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി അടച്ചിടുന്നത് എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ ഈ ഭാഗങ്ങളിലെ ജനജീവിതം പരിഗണിക്കാതെയുള്ള അധികാരികളുടെ സമീപനം കടുത്ത പ്രതിഷേധത്തിനിടവരുത്തിയിരിക്കയാണ്. യോഗത്തില്‍ എം.കുഞ്ഞിരാമനുണ്ണി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കെ.കെ.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി തീരുമാനങ്ങള്‍ കെ.പി ആലിക്കുട്ടി റിപ്പോര്‍ട്ട് ചെയ്തു. ലത്തീഫ് വെള്ളിലോട്ട്, ഇ.ടി.സോമന്‍, എന്‍.എസ് കുമാര്‍, വി.എം മനോജ് എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം, മഴക്കാലപൂര്‍വ്വ ശുചീകരണം എന്നിവ വിജയിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.