നെയ്റോബി: സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ച 58 പേരുടെ മൃതദേഹങ്ങള്‍ വനത്തില്‍ കണ്ടെത്തി. കിഴക്കന്‍ കെനിയയിലെ തിരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഗുഡ് ന്യൂസ് ഇന്റര്‍ നാഷണല്‍ ചര്‍ച്ച് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി മോക്ഷം പ്രാപിക്കുകയും സ്രഷ്ടാവിനെ നേരില്‍ക്കാണാന്‍ പട്ടിണി മരണം ഉപദേശിക്കുകയും ചെയ്ത പോള്‍ മെക്കന്‍സീ എന്‍തെംഗെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍തെംഗയുടെ ചില ഭക്തര്‍ ഇപ്പോഴും ഷക്കഹോലയ്ക്ക് ചുറ്റുമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 800 ഏക്കര്‍ വനഭൂമിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. 112 പേരെ കാണാനില്ലെന്ന് മനുഷ്യാവകാശ സംഘടനയായ കെനിയന്‍ റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം മതസംഘടനകളെ ഇല്ലാതാക്കുമെന്ന് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.
‘എന്‍തെംഗെയെ പോലുള്ള തെമ്മാടി പാസ്റ്റര്‍മാരും തീവ്രവാദികളും തമ്മില്‍ വ്യത്യാസമില്ലെന്ന് റൂട്ടോ പറഞ്ഞു. തീവ്രവാദികള്‍ അവരുടെ ഹീനമായ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മതം ഉപയോഗിക്കുന്നു. എന്‍തെംഗെയെ പോലുള്ളവര്‍ മതം ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ്’ വില്യം റൂട്ടോ പറഞ്ഞു. നേരത്തെ രണ്ട് തവണ എന്‍തെംഗെ അറ്‌സറ്റ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസവും 2019ലും എന്‍തെംഗെ അറസ്റ്റിലായിരുന്നത്. പട്ടിണി കിടന്ന് രണ്ടു കുട്ടികള്‍ മരിച്ച കേസിലായിരുന്നു കഴിഞ്ഞമാസത്തെ അറസ്റ്റ്. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വന്ന സ്ഥിതിയില്‍ കേസ് മുന്നോട്ട് പോയില്ല.