ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം. ശിവശങ്കര്‍ സുപ്രീം കോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നും യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്‌ന സുരേഷും, സരിത്തുമടക്കം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
കേസില്‍ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്. സ്വപ്‌ന സുരേഷിനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാല്‍ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ശിവശങ്കറിന് ഭരണതലത്തില്‍ ഏറെ സ്വാധീനശക്തിയുണ്ടെന്ന് മുന്‍പ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് കേരളാ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതുവഴി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വര്‍ണക്കളളക്കടത്ത് കേസിലെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷവും സര്‍ക്കാരിലെ സുപ്രധാന പദവിയില്‍ ശിവശങ്കര്‍ തിരിച്ചെത്തിയത് ഓര്‍ക്കണം. മുന്‍പ് ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട് ജയില്‍ വാസം അനുഭവിച്ചതിനു ശേഷവും ശിവശങ്കറിന്റെ ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും ഇതൊന്നും ബാധിച്ചില്ല എന്നതും വ്യക്തമാണ്. ശിവശങ്കറിന്റെ സ്വാധീനശക്തിയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഉത്തരവിലുണ്ടായിരുന്നു.