ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം മൂന്നാംദിവസത്തിലേയ്ക്ക്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 വനിതാ താരങ്ങള്‍ ദില്ലി പോലീസില്‍ പരാതി നല്‍കിയിട്ടും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. സമരക്കാരെ അനുനയിപ്പിക്കാനായി സായി പ്രതിനിധികള്‍ എത്തിയെങ്കിലും താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.
ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തില്‍ മെയ് ഏഴിന് നടക്കാന്‍ ഇരിക്കുന്ന ഗുസ്തി ഫെഡറഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചു. ബ്രിജ് ഭൂഷന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഫെഡറേഷന്‍ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിര്‍വാഹക സമിതിയുടെ ചുമതലകള്‍ താല്‍ക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.