കൊച്ചി: വന്ദേഭാരതിന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റെയില്‍വേ മന്ത്രി അശ്വനികുമാര്‍ വൈഷ്ണവ്, എംപി ശശി തരൂര്‍, മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, ആന്റണി രാജു എന്നിവരെ സാക്ഷിയാക്കിയാണ് കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് കൊച്ചി ജല മെട്രോയുടെ ആദ്യ സര്‍വിസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോര്‍ട്ട് ബോട്ട് ടെര്‍മിനലില്‍ നിന്നും ബോള്‍ഗാട്ടി വരെ പോയി മടങ്ങുകയാണ്. ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി. രാജീവ് അടക്കമുള്ളമുള്ളവര്‍ വാട്ടര്‍ മെട്രോയിലേക്ക് കയറുക. ഏഴ് വര്‍ഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടര്‍ മെട്രോ. ഒരേസമയം 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സമ്പൂര്‍ണ്ണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടര്‍ മെട്രോ. പദ്ധതിക്കായി 740 കോടിയാണ് ചെലവഴിച്ചത്.
മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയായി ഇതോടെ കൊച്ചി മാറി. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ യാത്രചെയ്യാം.