സിഡ്നി: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതികളെ മയക്കിക്കിടത്തി പീഡനത്തിനിരയാക്കിയ കേസില്‍ ആസ്ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി. ജെ. പി മുന്‍ അദ്ധ്യക്ഷന്‍ ബാലേഷ് ധന്‍കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. സിഡ്നി ഡൗണിങ് സെന്ററിലെ ജില്ലാ കോടതി ‘രാഷ്ട്രീയ ബന്ധങ്ങളുള്ള ക്രൂരനായ ജീവി’ എന്നായിരുന്നു ബാലേഷിനെ വിശേഷിപ്പിച്ചത്. സിഡ്നിയിലെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറിയന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള തര്‍ജമ ജോലികളുടെ പരസ്യം നല്‍കിയാണ് ഇയാള്‍ യുവതികളെ എത്തിച്ചത്. പരസ്യം കണ്ട് വിളിക്കുന്നവരോട് നേരിട്ട് എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് മയക്കുമരുന്നോ ഉറക്കഗുളികകളോ കലര്‍ത്തിയ വെള്ളം നല്‍കി ബോധരഹിതരാക്കിയതിന് ശേഷം പീഡിപ്പിക്കുകയാണ് ചെയ്തിരുന്നത്.
അഞ്ച് കൊറിയന്‍ യുവതികള്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആസ്ട്രേലിയന്‍ പൊലീസ് ബാലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്ന നിരവധി വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. മുറിയില്‍ സ്ഥാപിച്ചിരുന്ന ഒളിക്യാമറ വഴി പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ അടക്കം പൊലീസ് കണ്ടെത്തി. ചുമത്തിയിരിക്കുന്ന 39 കേസുകളിലും ബാലേഷ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. ലൈംഗിക പീഡനം, നഗ്‌നവീഡിയോ പകര്‍ത്തല്‍, മയക്കുമരുന്ന് കേസ്, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.