ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മെയ് ഒമ്പത് വരെ നടപ്പാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ക്ക് നാലുശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇത് കേസിന്റെ അടുത്ത വാദം കേള്‍ക്കുന്ന മെയ് ഒമ്പത് വരെ തുടരണമെന്ന് ജസ്റ്റിസുമാരായ കെ. എം ജോസഫും ബി. വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു. കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹര്‍ജിക്കാര്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദുവേ ഇതിനെ എതിര്‍ത്തു. വാദം കേള്‍ക്കല്‍ ഇതിനോടകം നാല് തവമ മാറ്റി വെച്ചതായി അദ്ദേഹം വാദിച്ചു.