കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കേരള ധീവര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയിലെ പോരായ്മകള്‍ മത്സത്തൊഴിലാളികള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. 10 ലക്ഷംകൊണ്ട് സ്ഥലമെടുത്ത് വീടുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സി.ആര്‍.സെഡ് വിഷയത്തില്‍ ലഘൂകരണ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും പഞ്ചായത്തുകള്‍ ഇന്നും പഴയനിയമം നടപ്പാക്കുന്നതുക്കൊണ്ട് ലൈഫ് ഭവന പദ്ധതിയോ, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിമൂലം ലഭിക്കുന്ന വീടുകള്‍ നിര്‍മിക്കാന്‍ പ്രയാസം നേരിടുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിട്ടുള്ളത്. കേരള ധീവര സംരക്ഷണസമിതി അഖില ഭാരതീയ കോലി സമാജില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ക്യാബിനറ്റ് മന്ത്രിയായ ബവാലിയജിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒരു രാജ്യം, ഒരു ജാതി, ഒരു സംവരണമെന്നതാണ് അഖില ഭാരതീയ കോലി സമാജിന്റെ പ്രഖ്യാപിത നയം. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി മത്സ്യസമ്പത്തായോജന പ്രകാരം കേരള ധീവരസംരക്ഷണ സമിതിയുടെ കീഴില്‍ ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സി.വി ദേവദാസ്, സുധീര്‍ബാബു, എസ്. അനില്‍കുമാര്‍, അച്യുതന്‍ സംബന്ധിച്ചു.