കോഴിക്കോട്: വളരുക, വളര്‍ത്തുക, ആനന്ദിക്കുക എന്ന ആപ്തവാക്യത്തോടെ സാമൂഹിക പ്രതിബദ്ധതയുള്ള പരിശീലകരെ വാര്‍ത്തെടുക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും രൂപീകൃതമായ പോസിറ്റീവ് കമ്യൂണിന്റെ പ്രഥമ സംസ്ഥാന സമ്മേളനം മെയ് ഒന്നിന് കോഴിക്കോട്ട് എസ്.കെ പൊറ്റെക്കാട്ട് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശീലകര്‍, അധ്യാപകര്‍ മനഃശാസ്ത്രജ്ഞര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി 14 ജില്ലകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികള്‍ സംബന്ധിക്കും. രാവിലെ നടക്കുന്ന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അംഗപരിമിതിയെ മനക്കരുത്ത് കൊണ്ട് മറികടന്ന മെന്റലിസ്റ്റും പരിശീലകനുമായ ശിഹാബുദ്ധീന്‍ പൂക്കോട്ടൂര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന പഠന സെഷനില്‍ പരിശീലകനും സാഹിത്യകാരനുമായ ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ് ‘പരിശീലന പ്രക്രിയയുടെ ഭാവി’ എന്ന വിഷയത്തില്‍ സംവദിക്കും. പ്രതിനിധി സമ്മേളനം, കലാപരിപാടികള്‍ എന്നിവക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ.പി രവീന്ദ്രന്‍, ആന്റോ മൈക്കിള്‍ സംബന്ധിക്കും വാര്‍ത്താസമ്മേളനത്തില്‍ പോസിറ്റീവ് കമ്യൂണ്‍ സ്‌റ്റേറ്റ് ജനറല്‍ കണ്‍വീനര്‍ രാജീവന്‍ ടി.എ, ട്രഷറര്‍ നാസര്‍ ആലിക്കല്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷ സോമന്‍, കണ്‍വീനര്‍ അനില്‍ കുരിശിങ്കല്‍, കണ്‍വീനര്‍ ഷര്‍ഷാദ് കെ.പി എന്നിവര്‍ പങ്കെടുത്തു.