ന്യൂഡല്‍ഹി; ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. താരങ്ങളുടെ ആരോപണം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി. ജെ. പി എം. പിയുമായ ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടും പോലീസ് എഫ്. ഐ. ആര്‍ പോലും രജിസ്റ്റര്‍ ചെയതില്ല എന്ന് വനിതാ താരങ്ങള്‍ ആരോപിക്കുന്നു. 2012 ല്‍ നടന്ന ലൈംഗിക പീഡനങ്ങളില്‍ ബ്രിജ് ഭൂഷണെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഈ കേസില്‍ ഹര്‍ജിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു. ഏഴ് വനിതകള്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. എന്നാല്‍ കേസില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോടതിയുടെ നിയമം ലംഘിക്കപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ പോലീസിനെ വിചാരണ ചെയ്യാന്‍ നിയമം ഉണ്ട്. കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേസ് മെയ് 28 ന് പരിഗണിക്കും.