ഹൈദരാബാദ്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനൊപ്പം അണിചേരാന്‍ തയ്യാറെന്ന് ബി. ആര്‍. എസ്. അതേസമയം, പ്രതിപക്ഷ ഐക്യത്തിന്റെ മുഖം രാഹുല്‍ ഗാന്ധിയായിരിക്കരുതെന്ന നിബന്ധനയുണ്ടെന്ന് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍. ഇതോടെ ബി. ജെ. പി, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കു വേണ്ടി ശ്രമിച്ചിരുന്ന ബി. ആര്‍. എസ് നിലപാടില്‍ നിന്നുള്ള മാറ്റം പ്രകടമായി.
ദേശീയ മോഹങ്ങള്‍ സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ പ്രായോഗിക സമീപനങ്ങളിലേക്കും ബി. ആര്‍. എസ് വഴി മാറുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ബി. ജെ. പിയും കേന്ദ്ര സര്‍ക്കാരും പ്രാദേശിക കക്ഷികള്‍ക്ക് നേരെ ഉയര്‍ത്തുന്ന സമ്മര്‍ദ്ദമാണ് ഈ നിലപാടിലേക്ക് മാറാനുള്ള കാരണമെന്നും അവര്‍ പറയുന്നു. ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട് ബി. ആര്‍. എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ഇഡി അന്വേഷണം നേരിടുകയാണ്.
ദേശീയാടിസ്ഥാനത്തില്‍ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക കക്ഷികളുമായി ചര്‍ച്ച നടത്തി സഖ്യത്തിലെത്തണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യമെന്നാണ് ബിആര്‍എസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് ശക്തിയുള്ള ഇടങ്ങളില്‍ അവര്‍ക്ക് അനുയോജ്യമായിട്ടുള്ള വിഹിതം നല്‍കണമെന്നും അതില്ലാത്ത സ്ഥലങ്ങളില്‍ പ്രാദേശിക കക്ഷികള്‍ക്കാണ് ശക്തിയുള്ളതെങ്കില്‍ കോണ്‍ഗ്രസ് അവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കെ ചന്ദ്രശേഖര്‍ റാവുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിആര്‍എസ് നേതാവ് പറഞ്ഞു.
നരേന്ദ്രമോദി-രാഹുല്‍ ഗാന്ധി മത്സരം എന്ന തലമുണ്ടാവുന്നതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ല. ഇത് കൊണ്ട് മാത്രം പ്രതിപക്ഷം തോല്‍ക്കും. 2019ല്‍ പരീക്ഷിച്ചു കഴിഞ്ഞതാണത്. പ്രതിപക്ഷത്ത് വേറെയും ആളുകളുണ്ട്, നിതീഷ് കുമാര്‍, മമത ബാനര്‍ജിയെ പോലെ നല്ല ഭരണപരിചയമുണ്ടെന്ന് തെളിയിച്ചവര്‍. രാഹുല്‍ ഗാന്ധി എന്താണ് നേടിയത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതാവ് പോലുമില്ല. താനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം പോലുമില്ല’, അദ്ദേഹം പറഞ്ഞു.