കോഴിക്കോട് : കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്‌സ്‌പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ‘സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ നാഴികക്കല്ല്. മനുഷ്യന്റെ ചെറിയ തലച്ചോറില്‍ സംഭവിക്കുന്ന ചിന്തകളിലൂടെ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇന്നിന്റെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് റോബോട്ടിക് സര്‍ജറി’ എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിക് സര്‍ജറി നടത്തുന്ന റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്റെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുവാനും സാധിക്കുന്ന സംവിധാനങ്ങള്‍ എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് റോബോട്ടുകളും ചെറുകാറുകളും ഉള്‍പ്പെടെയുള്ളവയും, അവയുടെ പ്രവര്‍ത്തന രീതിയും നേരിട്ട് കാണുവാനുള്ള സംവിധാനങ്ങളും എക്‌സ്‌പോയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 24, 25, 26 തിയ്യതികളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ പ്രവേശനം ലഭ്യമാകും.
പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ശൈലജ ടീച്ചറെ റോബോട്ട് നേരിട്ട് ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തുകൊണ്ടാണ് വേദിയിലേക്ക് ആനയിച്ചത്. ശൈലജ ടീച്ചറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം റോബോട്ടിന്റെ പ്രസംഗവും ഉണ്ടായിരുന്നു. റോബോട്ടിക് എക്‌സപോയ്ക്ക് പുറമെ ഉത്തര കേരളത്തിലെ ആദ്യ 3 ടെസ്ല എം ആര്‍ ഐ യുണിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മിംസ് ഇന്ത്യാ വൈസ് പ്രസിഡണ്ട് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ മുഖ്യാതിഥിയായിരുന്നു.
റോബോട്ടിക് സംവിധാനത്തെ ഡോ. അഭയ് ആനന്ദും (സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് & റോബോട്ടിക് സര്‍ജന്‍), 3 ടെസ്ല എം. ആര്‍. ഐ യുണിറ്റിനെ ഡോ. കെ. ജി. രാമകൃഷ്ണനും (സീനിയര്‍ കണ്‍സള്‍ട്ടന്‍സ് & ഹെഡ്, ക്ലിനിക്കല്‍ ഇമേജിങ് & ഇന്റര്‍ വെന്‍ഷനല്‍ റേഡിയോളജി) പരിചയപ്പെടുത്തി. ഡോ. അജിത പി എന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒ ബി ജി & റോബോട്ടിക് സര്‍ജന്‍), ഡോ. സലീം വി പി (ഹെഡ് സര്‍ജിക്കല്‍ ഓങ്കോളജി & റോബോട്ടിക് സര്‍ജന്‍) ഡോ. സുര്‍ദാസ് (കണ്‍സള്‍ട്ടന്റ യൂറോളജിസ്റ്റ്), എന്നിവര്‍ പ്രസംഗിച്ചു. സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9633934245 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.