ന്യൂഡല്‍ഹി: ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ആനകളെ കൊണ്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ ഗുജറാത്തിലെ ജാംനഗറിലേയ്ക്ക് ട്രക്കുകളില്‍ കൊണ്ടുപോകുന്നതിനെതിരേയാണ് ഹര്‍ജി. ജാംനഗറിലെ രാധാകൃഷ്ണന്‍ ടെംപിള്‍ എലഫെന്റ് ട്രസ്റ്റാണ് ഇരുപതോളം ആനകളെ ട്രക്കുകളില്‍ 3,400 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നത്.
ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ആനകളെ ട്രക്കില്‍ കൊണ്ടുപോകുന്നത് അവയുടെ ആരോഗ്യം, സുരക്ഷ എന്നിവയെ മോശം രീതിയില്‍ ബാധിക്കുമെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരനായ അബിര്‍ ഫുക്കന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.സംസ്ഥാനസര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലല്ല ആനകളെ കൊണ്ടുപോകുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോടും രാധാകൃഷ്ണന്‍ ടെംപിള്‍ എലഫെന്റ് ട്രസ്റ്റിനോടും ഈ വിഷയത്തില്‍ നിലപാട് തേടണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ശ്യാം മോഹനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.