തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര ട്രെയിന്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. പിണറായിയും ശശി തരൂര്‍ എംപിയും മോദിക്കൊപ്പം വന്ദേഭാരതില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശിതരൂര്‍ എംപി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മോദി വന്ദേഭാരതിന്റെ സി വണ്‍ കോച്ചില്‍ കയറി. അതിനു ശേഷം സി2 കോച്ചില്‍ 42 കുട്ടികളുമായി മോദി സംവദിച്ചു.
10.20-ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വഴിയരികില്‍ കാത്തുനിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും പ്രധാനമന്ത്രി ഇന്നു നാടിന് സമര്‍പ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.