തലശ്ശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകള്‍ കാണിക്കുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ മഹത്തരമാണെന്നും ഇതില്‍ തന്നെ ഗവ. ആശുപത്രികള്‍ കേന്ദ്രീകരിച്ച് സി.എച്ച് സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്നും സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരി സി.എച്ച് സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ തമ്മില്‍ സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന സ്‌നേഹസംഗമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ചരിത്രത്തെ വളച്ചൊടിച്ച് ജനങ്ങളില്‍ ഭീതിയും വിഭാഗീയതയും പരത്തുന്നവരെ ഒറ്റപ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി ഗവ.ആശുപത്രി പരിസരത്തുവച്ച് സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ ഡോ.സി.പി നാസിമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ ലത്തീഫ്, ഡോ.എ.എം സഹാബുദ്ദീന്‍, പി.പി അബൂബക്കര്‍ പാര്‍ക്കോ, എ.കെ അബൂട്ടി ഹാജി, റഹ്ദാദ് മൂഴിക്കര, കവുള്ളതില്‍ കുഞ്ഞിമ്മൂസ, അബ്ദുല്‍ ഗഫൂര്‍ ഉമ്മര്‍, എന്‍.പി മുനീര്‍, റഷീദ് കരിയാടാന്‍, ഷാനിദ് മേക്കുന്ന്, എന്‍.മഹമൂദ് സംസാരിച്ചു. ഗവ. ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തലശ്ശേരി സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി സ്‌പോണ്‍സര്‍ ചെയ്ത പെരുന്നാള്‍ ഭക്ഷണ വിതരണം നടത്തി. വളണ്ടിയര്‍ വിങ്ങിന്റെ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.