കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച മലങ്കര വര്‍ഗീസ് വധക്കേസില്‍ 17 പ്രതികളെയും വെറുതെ വിട്ട് സി.ബി.ഐ പ്രത്യേക കോടതി. കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് കൊലപാതകം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ് മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി വിധി പറഞ്ഞത്. കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ.വര്‍ഗീസ് തെക്കേക്കര ആയിരുന്നു കേസിലെ ഒന്നാം പ്രതി.
ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂരിനടുത്ത് എം.സി റോഡിലുള്ള വര്‍ക്ക്‌ഷോപ്പില്‍ കാറിന്റെ അറ്റകുറ്റപ്പണിക്കായി ഇറങ്ങിയപ്പോള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു എന്നായിരുന്നു പോലിസ് കേസ്. ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ വികാരി ആയിരുന്ന ഫാ. വര്‍ഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പത് വകുപ്പുകള്‍ ഫാ. വര്‍ഗീസിനെതിരെ ചുമത്തിയിരുന്നു. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
വര്‍ഗീസ് കൊലക്കേസിലെ കോടതി വിധി അപ്രതീക്ഷിതമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതികരിച്ചു. സാക്ഷികള്‍ കൂറുമാറിയതടക്കമുള്ള സാഹചര്യം, വിധി പകര്‍പ്പ് ലഭിച്ച ശേഷം വിശദമായി പഠിച്ച് മേല്‍ കോടതികളെ സമീപിക്കും. ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.