ഭരണഘടന സംരക്ഷിക്കപ്പെടാന്‍ ഭരണഘടന പഠിപ്പിക്കുകയാണ് വേണ്ടത്: സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍

ഭരണഘടന സംരക്ഷിക്കപ്പെടാന്‍ ഭരണഘടന പഠിപ്പിക്കുകയാണ് വേണ്ടത്: സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍

തലശ്ശേരി: ഭരണഘടന സംരക്ഷിക്കപ്പെടാന്‍ ഭരണഘടന പഠിപ്പിക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ പറഞ്ഞു. കോടിയേരി ദേശീയ വായനശാലയുടേയും ഗ്രന്ഥാലയത്തിന്റെ എഴുപതാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാലകള്‍ ഭരണഘടന പഠിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ പാഠപുസ്തകങ്ങളിലെ ഇന്ത്യന്‍ ചരിത്രം ഇല്ലായ്മ ചെയ്യുകയാണ്. രാജ്യത്തിനകത്ത് ചരിത്രത്തെ വക്രീകരിച്ച് മായ്ച്ച് കളയാനാണ് നീക്കം. പക്ഷെ എത്ര തന്നെ ശ്രമിച്ചാലും ചരിത്രത്തെ മറച്ച് പിടിക്കാന്‍ സാധിക്കില്ല. മത നിരപേക്ഷത സംരക്ഷിക്കാന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. അതിന് ഭരണഘടന പഠിപ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ബോധവും, സാര്‍വദേശീയ ബോധമുള്ളവരാണ് മലയാളികള്‍. ശരിയായ സാംസ്‌കാരിക ബോധമുള്ളവരെന്ന നിലയില്‍ ദേശത്തെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും കൃത്യമായ ചരിത്ര ബോധമുള്ളവരാണ് മലയാളികളെന്നും എം.എ ബേബി പറഞ്ഞു. തലശ്ശേരി നഗരസഭാ മുന്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ പി.പി ഗംഗാധരന്‍, ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.അച്ചുതന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന കവി സമ്മേളനത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, വീരാന്‍ കുട്ടി മാസ്റ്റര്‍, ടി.എം ദിനേശന്‍, ആര്‍.ആതിര, റീന, ബിന്ദു, ഭാസ്‌കരന്‍ കൂരാറത്ത് എന്നിവര്‍ പങ്കെടുത്തു. കോടിയേരി മഞ്ജരി നാട്യകലാലയത്തിന്റെ നേതൃത്വത്തില്‍ നൃത്ത മഞ്ജരിയും നഴ്‌സറി വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *