ബെംഗളൂരു: സാമൂഹ്യപരിഷ്‌കര്‍ത്താവായ ബസവേശ്വരന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് കാവി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി. ജെ. പി നേതാക്കള്‍ പ്രസംഗത്തില്‍ മാത്രമാണ് ബസവേശ്വരനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിജയപുരയില്‍ ബസവ ജയന്തിയോട് അനുബന്ധിച്ച് നടന്ന റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ബി. ജെ. പിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദരിദ്രരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. സമൂഹത്തെ ഒന്നിപ്പിക്കുന്ന ബസവേശ്വരന്റെ തത്വങ്ങളിലും പ്രത്യയശാസ്ത്രത്തിലും കോണ്‍ഗ്രസ് വിശ്വസിക്കുമ്പോള്‍ ബി. ജെ. പിയും ആര്‍. എസ് എസും ഭിന്നിപ്പിക്കലിലാണ് വിശ്വസിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രത്തിന്റെ സമ്പത്ത് ആവശ്യക്കാര്‍ക്ക് വീതിച്ച് നല്‍കുക എന്നത് ബസവേശ്വരന്റെ പ്രധാന തത്വങ്ങളിലൊന്നാണ്. ബി. ജെ. പി രാജ്യത്തിന്റെ സമ്പത്ത് അദാനിയെ പോലുളള കോര്‍പ്പറേറ്റുകള്‍ക്ക് വിതരണം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ ബസവേശ്വരനെക്കുറിച്ച് വായിക്കാനും പഠിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ദേശീയ സമ്പത്ത് കുറച്ച് പണക്കാര്‍ക്ക് മാത്രമേ നല്‍കാവൂ എന്ന് അദ്ദേഹം എവിടെയും പറഞ്ഞതായി കണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പൊതുജനങ്ങളുടെ പണം കമ്മീഷനായി കൈപ്പറ്റാമെന്ന് ബസവേശ്വരന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍ട്രാക്ടര്‍മാരുടെ പക്കല്‍ നിന്നും ബി. ജെ. പി കൈപ്പറ്റുന്നത് 40 ശതമാനം കമ്മീഷനാണ്. അഴിമതിക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് വാങ്ങുന്ന കമ്മീഷനെതിരെ അവര്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അതിനോട് അദ്ദേഹം പ്രതികരിച്ചില്ല. ഇനി പ്രതികരിക്കുകയുമില്ല’, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ബിജെപി അദാനിയെ ഏല്‍പ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
40% കമ്മീഷന്‍ വാങ്ങി എം. എല്‍. എമാരെ വാങ്ങാനും കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുമാണ് ബി. ജെ. പി ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി വിജയിക്കില്ല. 150 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കും. അതിനാല്‍ ഞങ്ങളുടെ എം. എല്‍. എമാരെ ബി. ജെ. പിക്ക് വാങ്ങാനാകില്ല. 40% കമ്മീഷന്‍ വാങ്ങുന്ന ബി. ജെ. പിക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിന് പുറമെ ഓരോ സമുദായത്തിന്റെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം സംവരണം നല്‍കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.