ന്യൂഡല്‍ഹി: തെലങ്കാനയില്‍ ബി. ജെ. പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹൈദരാബാദിനടുത്ത ഷെവല്ലയില്‍ പൊതുജനറാലിക്കിടെ അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ നിലവില്‍ മുസ്ലീങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്ത് കളഞ്ഞ് പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ. ബി. സി വിഭാഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
തെലങ്കാനയിലെ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നും സര്‍ക്കാരിനെ പുറത്താക്കുന്നതു വരെ ബി. ജെ. പി പോരാട്ടം അവസാനിപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പല ക്ഷേമപദ്ധതികളും തെലങ്കാനയിലെ പാവങ്ങളിലേയ്ക്ക് എത്തുന്നില്ല. അസദുദ്ദീന്‍ ഉവൈസിയുടെ എ. ഐ. എം. ഐ. എമ്മിന്റെ അജണ്ടയാണ് തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. അമിത് ഷാ ആരോപിച്ചു.
തെലങ്കാനയില്‍ ബി. ജെ. പിക്ക് മുസ്ലീം വിരുദ്ധപ്രസംഗമല്ലാതെ മറ്റൊരു കാഴ്ചപ്പാടുമില്ലെന്ന് അസദുദ്ദീന്‍ ഉവൈസി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മറുപടി നല്‍കി. വ്യാജ ഏറ്റുമുട്ടലുകള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കര്‍ഫ്യൂകള്‍, ക്രിമിനലുകളേയും ബുള്‍ഡോസറുകളേയും മോചിപ്പിക്കല്‍ എന്നിവയാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ, ഒ. ബി. സി വിഭാഗങ്ങളുടെ നീതി ഇത്ര ഗൗരവതരമായി കാണുന്ന അമിത് ഷാ എന്തുകൊണ്ടാണ് 50 ശതമാനം ക്വാട്ട പരിധി നീക്കം ചെയ്യുന്നതിനുള്ള ഭരണഘടന ഭേദഗതി കൊണ്ടുവരാത്തതെന്ന് ഉവൈസി ചോദിച്ചു.