ബ്യൂനസ് ഐറിസ്: കൊതുകുജന്യരോഗങ്ങള്‍ക്ക് പരിഹാരം തേടി അര്‍ജന്റീന. താപനില ഗണ്യമായി വര്‍ധിച്ചതിനാല്‍ കൊതുകുകള്‍ മുമ്പില്ലാത്ത വിധം പെരുകിയ അര്‍ജന്റീനയില്‍ ഈ വര്‍ഷം 41,000 കൊതുകുജന്യ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞത് 40 പേരും. ഈ സാഹചര്യത്തില്‍ കൊതുകുകളെ തുരത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടത്തുകയാണ് രാജ്യം. അതിനായി കൊതുകുകളെ വന്ധ്യംകരിക്കുക എന്ന മാര്‍ഗമാണ് അവര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
വികിരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തില്‍ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നു വിടാനാണ് തീരുമാനം. ഓരോ ആഴ്ചയും പതിനായിരം ആണ്‍കൊതുകുകളെ വികിരണങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ വന്ധ്യംകരിച്ച അഞ്ച് ലക്ഷം കൊതുകുകളെ തുറന്നുവിടും. ഇവ പെണ്‍കൊതുകുകളുമായി ഇണചേരുമ്പോള്‍ പ്രജനനം നടക്കില്ലെന്നും അങ്ങനെ കൊതുകുകളുടെ എണ്ണം കുറയ്ക്കാനാവുമെന്നുമാണ് കണക്കുകൂട്ടുന്നത്. 2016 മുതല്‍ അര്‍ജന്റീനയില്‍ കൊതുകുകളെ തുരത്താനുള്ള വിദ്യകള്‍ പ്രയോഗിക്കുന്നുണ്ട്.