കോഴിക്കോട്: മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി നിര്‍മ്മിച്ച കണ്ടംകുളത്തുള്ള ജൂബിലി ഹാളിന്റെ നാമകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന് എല്‍.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം വിലയിരുത്തി. കണ്ടംകുളം ജൂബിലി ഹാള്‍ എന്ന പേര് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ സ്മാരകം കൂടിയാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 2023 മാര്‍ച്ച് രണ്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനയാണ് ഈ തീരുമാനം എടുത്തത്. പ്രസ്തുത കൗണ്‍സിലിന് മുന്നോടിയായി 2023 ഫെബ്രുവരി 28ന് ബി.ജെ.പി പ്രതിനിധി ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് നാമകരണം ഉള്‍പ്പെടെയുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്തതുമാണ്.
മതനിരപേക്ഷ രാഷ്ട്രീയത്തിന്റേയും ദേശസ്‌നേഹത്തിന്റേയും പ്രതീകമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേര് ജൂബിലി ഹാളിന് നല്‍കിയത് കോഴിക്കോട് നഗരം അദ്ദേഹത്തിന് നല്‍കുന്ന ആദരവും അംഗീകാരവുമാണ്. എന്തിനേയും ഏതിനേയും മതവല്‍ക്കരിച്ച് വിദ്വേഷവും വിഭജനവും സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വര്‍ഗീയവാദികളുടെ ദുഷ്പ്രചരണങ്ങളെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മേയര്‍ ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, ഒ.പി.ഷിജിന, പി.ദിവാകരന്‍, ഡോ.എസ്.ജയശ്രീ, സി.രാജന്‍, കൃഷ്ണകുമാരി, പി.കെ.നാസര്‍, സി.രേഖ, .ഒ.സദാശിവന്‍, എന്‍.സി.മോയിന്‍കുട്ടി, എസ്.എം തുഷാര തുടങ്ങിയവര്‍ സംസാരിച്ചു.