തലശ്ശേരി: ‘എല്ലാവരുടേയും ജീവിതം നിറമുള്ളതാക്കാന്‍’ എന്ന ലക്ഷ്യവുമായി കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ‘ദയ സാന്ത്വന സഹകരണകേന്ദ്രം’ ആരംഭിക്കുന്നു. ശയ്യാവലംബരും രോഗപീഡകളാല്‍ ദുരിതം അനുഭവിക്കുന്നവരുമായ സഹജീവകള്‍ക്ക് ആശ്വാസം എത്തിക്കുന്നതിനായാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിന് ബാങ്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനംഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക് ബാങ്കിന്റെ വനിത പ്രഭാതശാഖ പരിസരത്ത് ജോണ്‍ ബ്രിട്ടാസ് എം.പി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കിടപ്പു രോഗികള്‍ക്കും രോഗ ചികിത്സയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായി വരുന്ന എയര്‍ ബെഡ്, വാക്കര്‍, വീല്‍ ചെയര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ സൗജന്യമായി നല്‍കുന്നതും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുമാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിന്റെ ലക്ഷ്യം.
ബാങ്കിംഗ് ഇടപാടുകള്‍ക്ക് പുറമേ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ ബാങ്ക് എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്ന ബാങ്ക് മെമ്പര്‍മാര്‍ക്ക് 1000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കുന്നുണ്ട്.ചുരുങ്ങിയ ചെലവില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതിന് മില്‍കാബ് മെഡിക്കല്‍ ലാബ്, 15 ശതമാനം മുതല്‍ 40 ശതമാനത്തോളം വിലക്കുറവില്‍ മരുന്നുകള്‍ വില്‍പന നടത്തുന്ന രണ്ട് നീതി മെഡിക്കല്‍ സ്റ്റോര്‍, ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്നതിന് ഒരു മള്‍ട്ടി ജിം, നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ന്യൂ കലവറ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വനിതാ പ്രഭാതശാഖ പരിസരത്ത് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, കതിരൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.സുധീഷ്, എം.നളിനി, ഐ.ആര്‍.പി.സി തലശ്ശേരി ഏരിയ കണ്‍വീനര്‍ സി. വത്സന്‍, കതിരൂര്‍ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ എ.സംഗീത് എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി പി.എം ഹേമലത, ഡയരക്ടര്‍ കെ.സുരേഷ്, ബ്രാഞ്ച് മാനേജര്‍ കെ. ബൈജു എന്നിവരും പങ്കെടുത്തു.