കൊച്ചി: എ.ഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗതാഗതമന്ത്രിയടക്കമുള്ളവര്‍ക്ക് പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ല. കരാര്‍ കിട്ടിയ കമ്പിനി മറ്റൊരു കമ്പനിക്ക് കരാര്‍ മറിച്ചുകൊടുക്കുകയായിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് ഈ അഴിമതിക്കും കൊള്ളക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള നടത്താന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നുന്നത്. സി.പി.എം നേരിട്ടാണ് ഇത്തരം അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്ക് ഈ രംഗത്ത് യാതൊരു മുന്‍ പരിചയവുമില്ല. ഇടനിലക്കാരായി നിന്ന് കോടികള്‍ തട്ടുക എന്ന പണിയാണ് ഈ കമ്പനിക്കുള്ളത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. മന്ത്രിമാര്‍ക്ക് പോലും ഈ സംഭവം എന്താണെന്ന് ഒരു പിടിയുമില്ല. കെല്‍ട്രോണ്‍ നേരിട്ടാണ് ഈ പദ്ധതി നടത്തിയത്. എ്ന്നാല്‍ അവര്‍ പറയുന്നതിലും യാതൊരു വ്യക്തതയുമില്ല.
ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ.്ആര്‍.ഐ.ടിക്ക് കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഒരു കമ്പനിക്ക് ഉപകരാര്‍ കൊടുത്തു. ഈ കമ്പനിയും ഊരാളുങ്കലുമായി ബന്ധമുണ്ട്. ഉപകരാര്‍ കിട്ടിയ കമ്പനിയും ഊരാളുങ്കലും എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കമ്പനികളാണ്. പണം എല്ലാം വരുന്നത് ഒറ്റപെട്ടിയിലേക്കാണ്.
ഒമ്പത് ലക്ഷമാണ് ഒരു ക്യാമറയുടെ വില എന്നാണ് പറയുന്നത്. അതിന്റെ പത്തിലൊന്ന് പോലും യഥാര്‍ത്ഥത്തില്‍ വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകള്‍ ഇന്ത്യയില്‍ സുലഭമായി കിട്ടുമ്പോള്‍ എന്തിനാണ് ഇതിന്റെ ഘടകങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തത്. 232 കോടിയുടെ പദ്ധതിയില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ എന്തിനാണ് ഭാഗങ്ങളായി കെല്‍ട്രോണ്‍ വാങ്ങിയത് എന്ന് വ്യക്തമാക്കണം. ഒരു വര്‍ഷം ആയിരം കോടി രൂപ ജനങ്ങളില്‍ നിന്നും കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.