ന്യൂഡല്‍ഹി : ഈദ് ദിനത്തില്‍ റമദാന്‍ വ്രതത്തിന്റെ അന്ത:സത്ത ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടിയിരിക്കുകയാണ് ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള ഒരു കുടുംബം. ഏപ്രില്‍ 15 ന് റോഡപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കുടുംബത്തിലെ അഞ്ചു മക്കളില്‍ ഇളയവനായ ഒമ്പതു വയസ്സുകാരന് ഈദ് ദിനത്തിലാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ അവയവദാന വിഭാഗം കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു. സഹജീവികളോട് അനുതാപമുള്ളവരാകുക എന്ന റമദാന്‍ വ്രതത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട കുടുംബം അവയവദാനത്തിന് സമ്മതം നല്കിയതോടെ രണ്ട് ജീവനുകള്‍ രക്ഷിക്കാനായി. ഡല്‍ഹിയിലെ ഒരു കുഞ്ഞിന്റേയും യുവാവിന്റേയും ജീവനുകളാണ് അവയവദാനത്തിലൂടെ രക്ഷപ്പെട്ടത്.
കുട്ടിക്ക് ജന്മനാ ഒരു വൃക്ക മാത്രമാണ് ഉണ്ടായിരുന്നത്. അത് ഹരിയാന ബഹദുര്‍ഗ് സ്വദേശിയായ 20 കാരനും കരള്‍ 16 കാരനായ കുട്ടിക്കും നല്‍കി. രണ്ട് കണ്ണുകളും നേത്രബാങ്കിലേയ്ക്ക് മാറ്റി. ഹൃദയവും ശ്വാസകോശവും ഉപയോഗിക്കാന്‍ അനുയോജ്യരായ സ്വീകര്‍ത്താക്കളെ കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുടുംബത്തിലെ ഏറ്റവും ഇളയവനായ കുഞ്ഞിന്റെ അവയവം ദാനം ചെയ്യുക എന്ന തീരുമാനം എടുക്കുന്നത് കുടുംബത്തിന് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. ആഘോഷത്തിന്റെ സമയത്ത് അവനെ നഷ്ടമായെങ്കിലും അവന്റെ അവയവങ്ങള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുമെങ്കില്‍ അത് ്അവനു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ വിവരങ്ങള്‍ പുറത്തുവിടാന്‍ ബന്ധുക്കള്‍ മാനസികമായി തയ്യാറായിട്ടില്ല.