ന്യൂഡല്‍ഹി: ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള 18ാം റൗണ്ട് ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ച നടന്നു. ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയില്‍ എത്താനിരിക്കെയാണ് ചര്‍ച്ച നടന്നത്. ഈസ്റ്റേണ്‍ ലഡാക്ക് സെക്ടറിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ച നടക്കുന്നത്.
ഇന്ത്യ ലഡാക്കിന്റെ ഭാഗമായി കണക്കാക്കുന്ന വിവാദഭൂമിയായ അക്സായി ചിന്‍ പ്രവിശ്യയിലാണ് ഗാല്‍വന്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്സായി ചിനിനും ഇടയിലാണ് ഈ താഴ്വര. ഇതിലൂടെയാണ് അക്സായി ചിന്നിന് ഇന്ത്യന്‍ മണ്ണില്‍ നിന്ന് അതിരിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്നുപോകുന്നത്.
1962 -ലെ യുദ്ധത്തിന് ശേഷം അക്‌സായി ചിന്‍ ചൈന അന്യായമായി കയ്യടക്കി വെച്ചിരിക്കുകയാണ്. ചൈനയുടെ സിന്‍ജിയാങ്ങ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും ഒക്കെ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ പരിഗണനകളാല്‍ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1962 -ലെ യുദ്ധസമയത്തും ഇവിടെ കാര്യമായ പോരാട്ടങ്ങള്‍ നടന്നിട്ടുള്ളതാണ്.
ചൈന കാരക്കോറം ഹൈവേയുമായി ബന്ധിപ്പിച്ച് പാക് അതിര്‍ത്തിയോളം ചെല്ലുന്ന ഒരു റോഡുണ്ടാക്കിയതുമായി ബന്ധപ്പെട്ട് 1968 മുതല്‍ക്കേ ഈ പ്രദേശത്ത് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നടന്നു വരുന്നുണ്ട്. അന്ന് റോഡുണ്ടാക്കിയ ശേഷമാണ് ഇന്ത്യ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുന്നതും അന്നത്തെ പ്രധാനമന്ത്രി നെഹ്റു അതിനോട് പ്രതികരിച്ച്, നിര്‍മാണത്തെ അപലപിക്കുന്നതും. അന്നുതൊട്ടേ ഇന്ത്യ ചൈന അക്‌സായി ചിന്‍ പ്രദേശത്ത് നടത്തിയ കയ്യേറ്റങ്ങളെ അപലപിച്ചുവരുന്നതാണ്.
1962 -ലെ യുദ്ധത്തിന് ശേഷം ഇന്ത്യ ചൈനയുമായി ഒരു യുദ്ധത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. യുദ്ധാനന്തരം ഉണ്ടാക്കിയ സമാധാന ഉടമ്പടിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് നിര്‍മാണങ്ങള്‍ നടത്തില്ലെന്ന് ഉണ്ടായിരുന്നു. പക്ഷേ, ആ ഉടമ്പടിയില്‍ ഒപ്പുവെക്കും മുമ്പുതന്നെ ചൈന അവരുടെ ഭാഗത്ത് വേണ്ടനിര്‍മാണങ്ങള്‍ എല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ സമാനമായ നിര്‍മാണങ്ങള്‍ നടത്തുമ്പോഴൊക്കെ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങള്‍ ഉണ്ടാകുന്നുണ്ട്.