ഇനി പൂരത്തിന്റെ നാളുകള്‍; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

ഇനി പൂരത്തിന്റെ നാളുകള്‍; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. കേരളത്തിലെ പൂരപ്രേമികള്‍ക്ക് ഇന്ന് മുതല്‍ ആവേശത്തിന്റേയും ആഘോഷത്തിന്റെയും ദിനങ്ങളാണ്. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂര പതാകകള്‍ ഉയരുന്നതോടെ കൊടിയേറ്റം പൂര്‍ണമാകും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മധ്യേയാണ് കൊടിയേറ്റം. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിന്റെ കൊടിയേറ്റം.പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയരും.
ഈ മാസം 30നാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. കൊടിയേറ്റിന് ശേഷം പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഉണ്ടാകും. തിരുവമ്പാടിയില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൊടിക്കൂറ ഉയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. ഇതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. ഇരു വിഭാഗങ്ങളുടെയും പൂര ചമയ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *