പരസ്പര സ്‌നേഹമെന്ന സാര്‍വലൗകികമായ സന്ദേശത്തിന്റെ വിളംബരമാണ് ഈദുല്‍ ഫിത്വര്‍. ഒരു മാസക്കാലം നീണ്ട വ്രതത്തിന്റെ പരിസമാപ്തി കൂടിയാണ് ഈദുല്‍ ഫിത്വര്‍.
വിശപ്പിന്റെ വിളി പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ അനുഭവഭേദ്യമായ റംസാന്‍ മാസമാണ് കടന്നുപോയത്. ഒരു വര്‍ഷത്തിലെ 11 മാസങ്ങളും നാം ജീവിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു മാസമാണ് റംസാന്‍. നോമ്പെടുക്കുന്നത് കൊണ്ട് മാനസിക ഗുണം മാത്രമല്ല, ആരോഗ്യഗുണവും അതോടൊപ്പം ഈ മാസം ചെയ്യേണ്ടുന്ന ദാനധര്‍മ്മാതി പ്രവര്‍ത്തികളും സാമൂഹിക കൂട്ടായ്മകളും (ഇഫ്താറുകളും) ഈ ലോകത്തില്‍ മാത്രമല്ല പരലോകത്തും സംരക്ഷണ കവചമൊരുക്കുമെന്നാണ് വിശ്വാസി സമൂഹം അഗാധമായി വിശ്വസിക്കുന്നത്.
ആ ദിശയില്‍ ചിന്തിക്കുകയും ഗമിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ സമൂഹത്തില്‍ വിപത്തുകള്‍ വിതറുമെന്നതില്‍ ഒരു സംശയവുമില്ല. വ്രതകാലം ജീവിച്ച ചിട്ടകള്‍ കൃത്യമായി തുടര്‍ ജീവിതത്തിലും മുറുകെ പിടിച്ചാല്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും വലിയ മുതല്‍ കൂട്ടാവുമെന്നതില്‍ ഒരു സംശയവുമില്ല. നോമ്പ് കാലത്ത് നല്‍കുന്ന ഫിത്വര്‍ സക്കാത്ത് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വലിയ കൈത്താങ്ങ് തന്നെയാണ്. ജാതിമത പരിഗണനകളില്ലാതെ എല്ലാവര്‍ക്കും സഹായം ലഭിക്കുന്നു എന്നത് ഏറെ ആനന്ദകരമാണ്. ഈദുല്‍ ഫിത്വറിന്റെ മഹിത സന്ദേശം ഹൃദയത്തില്‍ സൂക്ഷിച്ച് ഒന്നായി മുന്നേറാമെന്ന് ഈ ഘട്ടത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.