ആലപ്പുഴ: ഏറ്റവും പ്രാധാന്യമേറിയതും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ മഹത്തായ മാറ്റങ്ങള്‍ക്ക് നാഴികക്കല്ലായി മാറുമെന്ന് ഏവരും വിശ്വസിക്കുന്ന എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനരംഗത്ത് പുതുയുഗ പ്രതീക്ഷയും നല്‍കുന്ന ഭരണമാണ് മോദി കാഴ്ചവെക്കുന്നത് എന്നും രാജ്യത്തെ വ്യാപാര വ്യവസായ മേഖല കേന്ദ്ര ഭരണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും രാജു അപ്‌സര പറഞ്ഞു.
24, 25 തീയതികളില്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ പൊതുഗതാഗത രംഗത്തും വ്യാപാര, വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നിദാനവുമാകുന്ന വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ അത് കേരളത്തിന് പുതിയ ഒരു അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ഈയൊരു പദ്ധതി അനുവദിച്ച പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ വ്യാപാര, വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു അതിജീവന പാക്കേജ് പ്രഖ്യാപനവും, കാര്‍ഷിക മേഖലയുടെ നട്ടെല്ലായ റബറിന് മിനിമം 300 രൂപ ലഭിക്കുന്നതിന് വേണ്ട നടപടിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.