മാഹി: പന്തക്കലിലെ ഊരോത്തുമ്മല്‍ ക്ഷേത്രത്തിനടുത്ത് എയ്ഞ്ചലിന്റേയും ഷെറിനിന്റേയും പുതിയ വീടായ ‘നെസ്റ്റ്’ മതങ്ങള്‍ക്കുമപ്പുറം മാനവ സ്‌നേഹത്തെ പ്രതിഷ്ഠിച്ച വാസഗേഹമായി. ഈ ദമ്പതികള്‍ എല്ലാ മതങ്ങളിലേയും നന്‍മകളെ ഉള്‍ക്കൊള്ളുന്നു. ബൈബിളും, ഖുറാനും, ഗീതയും അവയിലെ സൂക്തങ്ങളുമെല്ലാം ‘വീട്ടിലെ അകത്തളത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു. ഖുറാന്റെ സൂക്തങ്ങള്‍ക്കൊപ്പം ക്രിസ്തുദേവന്റെ ഛായാപടവും, ശ്രീകൃഷ്ണ വിഗ്രഹവുമെല്ലാം മുന്നിലെ മുറിയില്‍ ഒരുക്കി വെച്ചിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വവും, പല മത സാരവുമേകമെന്ന ഗുരുവചനവുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് എയ്ഞ്ചലും ഷെറിനും പറഞ്ഞു.