ഇന്ത്യയും പാക്കിസ്ഥാനും അയല്‍രാജ്യങ്ങള്‍ മാത്രമല്ല, ഒരുകാലത്ത് ഒന്നായി കിടന്നിരുന്ന പ്രദേശങ്ങള്‍ കൂടിയാണ്. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന പലരുടേയും പാക്കിസ്ഥാനില്‍ ജീവിച്ചിരിക്കുന്ന പലരുടേയും പൂര്‍വികര്‍ ഇരു രാജ്യങ്ങളിലും വസിച്ചവരായിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും മുറിച്ചുമാറ്റാന്‍ പറ്റുന്ന ഒന്നല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം. അതുപോലെ തന്നെയാണ് ബംഗ്ലാദേശുമായി ഇന്ത്യക്കുള്ള ബന്ധം. നമ്മുടെ രാജ്യം ഏക്കാലവും സമാധാനത്തിന് വേണ്ടി നിലക്കൊണ്ട രാജ്യമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭികരപ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് ചോരപ്പുഴയൊഴുക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന നിരവധി ധീരയോദ്ധാക്കളുടെ ജീവനുകള്‍ അപകടത്തിലാക്കുവാന്‍ ഈ ഭീകരര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വച്ചാണ് നമ്മുടെ സൈനികര്‍ ഇവിടെ രാജ്യം കാക്കുന്നത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ആ രാജ്യത്തിന് തന്നെ ഭീഷണിയായി മാറുകയും അവിടെ മനുഷ്യക്കുരുതി നടത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇന്നലെയാണ് ജമ്മുവിലെ പൂഞ്ചില്‍ സേനാവ്യൂഹത്തെ ആക്രമിച്ച് അഞ്ച് സൈനികരുടെ ജീവന്‍ ഭീകരര്‍ കവര്‍ന്നത്. സൈന്യം ശക്തമായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ സംഘര്‍ഷങ്ങളെല്ലാം അതിര്‍ത്തിയില്‍ നിലനില്‍ക്കുമ്പോഴാണ് 2014ന് ശേഷം പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2011ല്‍ പാക് വിദേശകാര്യമന്ത്രി ഹിറ റബ്ബാനിഖര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2014 മേയില്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹിയിലെത്തി.
2015ല്‍ നമ്മുടെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി. 2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണവും അതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ, ഭീകരര്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളാവുകയായിരുന്നു. ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘം (എസ്.സി.ഒ) സമ്മേളനത്തിലാണ് പങ്കെടുക്കുന്നത്. ഇത് ഇന്ത്യാ-പാക് ബന്ധം ഊഷ്മളമാകാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖ്സ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ സംഘടനയാണ് എസ്.സി.ഒ.
പാക്ക് വിദേശകാര്യമന്ത്രി ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ നമ്മുടെ വിദേശകാര്യ വിഭാഗവുമായി ചര്‍ച്ചകള്‍ നടക്കട്ടേയെന്നും ഇരു രാജ്യങ്ങള്‍ക്കും ഗുണപരമായ കരാറുകള്‍ ഉണ്ടാകട്ടേയെന്നും പാക്ക് മണ്ണില്‍നിന്നും ഇന്ത്യയിലേക്കുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നടപടികളുണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന പാക്കിസ്ഥാന് സഹായഹസ്തവുമായി ഇന്ത്യ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഭീകരവാദം അവസാനിപ്പിക്കാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല. ഭീകരവാദം തടയാനുള്ള കര്‍മപദ്ധതികള്‍ പൊട്ടിവിടരട്ടെ എന്നാശംസിക്കാം.