കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതാണ് മരണ കാരണമെന്ന് തെളിഞ്ഞു.
ഐസ്‌ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛര്‍ദ്ദി അതീവഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്‌ക്രീമില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്നാണ് കൊയിലാണ്ടി പോലിസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവത്തില്‍ പോലിസ് നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം താഹിറയിലേക്ക് എത്തുകയായിരുന്നു. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേര്‍ത്തതെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി പോലിസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മകന്‍ ഇത് കഴിക്കുകയായിരുന്നു. താഹിറക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പോലിസ് പറഞ്ഞു. ഇരുവരും തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്. അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് താഹിറ വിഷം ചേര്‍ത്തത്.