പേരിലെ ‘നിഷ്‌കളങ്കത’ ജീവിതത്തിലുടനീളം പുലര്‍ത്തിയ മഹാനായ കലാകാരനായിരുന്നു ഇന്നസെന്റ് എന്ന് പ്രശസ്ത സിനിമ താരം കോഴിക്കോട് നാരായണന്‍ നായര്‍ അനുസ്മരിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണവും ‘ കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നസെന്റ് : എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’യുടെ സഹരചയിതാവ് കൂടിയായ ശ്രീകാന്ത് കോട്ടക്കല്‍, ഇന്നസെന്റ് എന്ന ബഹുമുഖ പ്രതിഭയുമായുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. കാന്‍സര്‍ രോഗമുള്‍പ്പെടെ ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളും വേദനകളും തന്റെ നൈസര്‍ഗ്ഗികമായ നര്‍മ്മത്തിലൂടെ മറുമരുന്നാക്കി മാറ്റുകയായിരുന്നു ഇന്നസെന്റ്. മഹാരോഗങ്ങളുടെ പിടിയില്‍പ്പെട്ട് തളര്‍ന്നുപോകുന്ന മനുഷ്യരിലേക്ക് പ്രതീക്ഷയുടെ ഊര്‍ജപ്രസരണം നടത്തുന്ന പുസ്തകം എന്ന നിലയില്‍’കാന്‍സര്‍ വാര്‍ഡിലെ ചിരി’ക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഒരു ചലച്ചിത്ര താരം എന്നതിലുപരി ഗൗരവമായ വായന അര്‍ഹിക്കുന്ന എഴുത്തുകാരന്‍ കൂടിയാണ് ഇന്നസെന്റ് എന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.ജി രഘുനാഥ് വിലയിരുത്തി. സ്വന്തം ജീവിതാനുഭവങ്ങളെ അവയുടെ തീവ്രത അല്‍പം പോലും ചോരാതെ നര്‍മ്മത്തിന്റെ മേമ്പൊടിചേര്‍ത്ത് അവതരിപ്പിക്കുവാന്‍ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹത്തിനായി. തന്നെയും ഫാബിയെയും കഥാപാത്രങ്ങളാക്കി വൈക്കം മുഹമ്മദ് ബഷീര്‍ ജീവിതത്തിലെ നേരും നര്‍മവും കേരളത്തിലെ കുടുംബങ്ങള്‍ക്കുള്ളിലേക്ക് സന്നിവേശിപ്പിച്ചതുപോലെ ഇന്നസെന്റും ആലീസും കേരളത്തിലെ കുടുംബങ്ങള്‍ക്കുള്ളില്‍ ചിരിയും ചിന്തയും പടര്‍ത്തിയെന്ന് ഹരീന്ദ്രനാഥ് വിലയിരുത്തി.
എഴുത്തുകാരന്‍ എന്ന നിലയിലുള്ള ഇന്നസെന്റിന്റെ ജീവിതത്തെ സമഗ്രമായി വിലയിരുത്താന്‍ മുന്‍കൈയെടുത്ത കാലിക്കറ്റ് ബുക് ക്ലബ്ബും അതിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സാംസ്‌കാരിക കൂട്ടായ്മയായ സെക്കന്റ് പെന്നും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പ്രശസ്ത അഭിനേതാവ് ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു. ജീവിത യാത്രയില്‍ തളര്‍ന്ന് പോകുന്ന മനുഷ്യര്‍ക്ക് പ്രത്യാശയുടെ പ്രകാശഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്നതായിരുന്നു ഇന്നസെന്റിന്റെ കലാജീവിതം. ജീവിതം കാത്തുനില്‍ക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് മരിക്കാനാവുക എന്നതായിരുന്നു ഇന്നസെന്റിന്റെ ജീവിതം വീക്ഷണം. ഡോ.എന്‍.എം സണ്ണി കൂട്ടിച്ചേര്‍ത്തു.
ടി.പി മമ്മു മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്നസെന്റ് ചെയ്ത സഹായം, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സി.ഇ ചാക്കുട്ടി ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഹാസ്യം മാത്രമല്ല ഗൗരവമുള്ള കഥാപാത്രങ്ങളും അനായാസേനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടനായിരുന്നു ഇന്നസെന്റ് എന്ന് പ്രമുഖ നാടക പ്രവര്‍ത്തകനായ വില്‍സണ്‍ സാമുവല്‍ വിലയിരുത്തി. ഡോ.കെ.സുഗതന്‍, ഹരിദാസന്‍ നമ്പ്യാര്‍, ബാലു പൂക്കാട്, മോഹനന്‍ പുതിയോട്ടില്‍, എന്‍.സോമസുന്ദരം തുടങ്ങിയവര്‍ സംസാരിച്ചു.