കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2023ലേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷ സമര്‍പ്പണം ഫെബ്രുവരി 10ന് ആരംഭിച്ച് മാര്‍ച്ച് അവസാനിച്ചു. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഇക്കുറി അനുവദിച്ചിട്ടുണ്ട്.
കേന്ദ്രന്യൂനപക്ഷ ക്ഷേമവകുപ്പ് ഡല്‍ഹിയില്‍ വച്ച് നടത്തിയ നറുക്കെടുപ്പില്‍ 10,331 അപേക്ഷകര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ഗഡു തുക 24ാം തിയതിക്കകം അടക്കേണ്ടതാണ്. ഹാജിമാരെ സഹായിക്കാന്‍ 314 ഹജ്ജ് ട്രെയിനര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ഹാജിമാരെ മക്കയിലും മദീനയിലും സഹായിക്കുന്നതിന് 300, 400 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഹജ്ജ് വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്‍കും. 14 ജില്ലകളിലും ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സാങ്കേതിക പഠനക്ലാസുകള്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 24ന് രാവിലെ 10ന് കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായി അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, അഡ്വ. പി. മൊയ്തീന്‍കുട്ടി, മുഹമ്മദ് കാസിം കോയ പോന്നാനി, ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹമീദ് പി.എം എന്നിവര്‍ സംബന്ധിക്കും.