സൂറത്ത് : മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സൂറത്ത് സി. ജെ. എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് ജഡ്ജി ആര്‍. എസ്. മോഗേര ഹര്‍ജി തള്ളിയത്. അപ്പീലില്‍ വാദം കേട്ട കോടതി 20 ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.
എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബി. ജെ. പി എം. എല്‍. എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു.
എന്നാല്‍, ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് പരാതി നല്‍കിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തേയും താന്‍ അടച്ചാക്ഷേപിച്ചിട്ടില്ലെന്നുമായിരുന്നു രാഹുല്‍ കോടതിയെ ബോധിപ്പിച്ചത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാല്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകള്‍ രാഹുലിന്റെ അഭിഭാഷകസംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.