ലഖ്‌നൗവിനെതിരേ 10 റണ്‍സ് പരാജയം
ജയ്പൂര്‍: നാല് വര്‍ഷത്തിന് ശേഷം സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തിരിച്ചുവരവ് പരാജയത്തോടുകൂടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 10 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയം ഏറ്റുവാങ്ങിയത്. ടോസ് നേടിയ രാജസ്ഥാന്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154റണ്‍സാണ് ലഖ്‌നൗ നേടിയത്. ലഖ്‌നൗവിനായി കെയ്ല്‍ മെയേഴ്സ് 42 പന്തില്‍ 51 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് ,സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ജയ്‌സ്വാളും ബട്‌ലറും മികച്ച തുടക്കമാണ് റോയല്‍സിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ മാര്‍ക്കസ് സ്റ്റോയിനിസ് ആവേഷ്ഖാന്റെ കൈകളിലെത്തിച്ച് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ടാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സ്ഞ്ജു രണ്ട് റണ്‍സെടുത്ത് പുറത്തായി.
അമിത് മിശ്ര റണ്ണൗട്ടാക്കുകയായിരുന്നു. മത്സരത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ഇത്. തുടര്‍ന്ന് വന്നവര്‍ക്ക് സ്‌കോറിങ്ങിന് വേഗമില്ലായിരുന്നു. 40 റണ്‍സെടുത്ത ബട്‌ലറേയും സ്‌റ്റോയിനിസ് മടക്കയിതോടെ ലഖ്‌നൗ കളിയില്‍ മുന്‍തൂക്കം നേടി. ആവേഷ്ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജിയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. എന്നാല്‍ ആ ഓവറല്‍ എട്ട് റണ്‍സ് മാത്രമേ അവര്‍ക്കെടുക്കാനായുള്ളൂ. ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും അവസാന ഓവറില്‍ മടങ്ങി. ലഖ്‌നൗവിനായി ആവേഷ്ഖാന്‍ മൂന്നും സ്റ്റോയിനിസ് രണ്ടും വിക്കറ്റും വീതം നേടി. സ്‌റ്റോയ്‌നിസാണ് കളിയിലെ താരം.