ഗതാഗത നിയമലംഘനത്തിന് എ.ഐ ക്യാമറകള്‍ വഴി ഇന്നു മുതല്‍ സംസ്ഥാനത്ത് പിഴയീടാക്കും

ഗതാഗത നിയമലംഘനത്തിന് എ.ഐ ക്യാമറകള്‍ വഴി ഇന്നു മുതല്‍ സംസ്ഥാനത്ത് പിഴയീടാക്കും

  • ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ
  • ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രം ഇളവ്‌

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് ഇന്നു മുതല്‍ പിഴയീടാക്കും. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയില്‍ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ.ഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്ങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എ.ഐ ക്യാമറകള്‍ പിടികൂടുന്നത്.

നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയീടാക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ- ചെലാനുമെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസയച്ച് തുടര്‍ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്.
മൂന്നരക്ക് മുഖ്യമന്ത്രിയാണ് എ.ഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്യുന്നത്. കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കെല്‍ട്രോണുമായുള്ള കരാര്‍. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ക്യാമറകളുടെ പരിപാലനവും കെല്‍ട്രോണിന്റെ ചുമതലയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെലാനുകള്‍ നല്‍കുന്നത്.

ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടികളാകും പിഴയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *