തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ സമന്‍സ് നല്‍കാന്‍ നിയമഭേദഗതി വരുന്നു. സി.ആര്‍.പി.സി 62ാം സെക്ഷനനുസരിച്ച് നേരിട്ടോ രജിസ്‌റ്റേഡ് തപാല്‍ വഴിയോ ആണ് സമന്‍സ് അയയ്ക്കുന്നത്. ബന്ധപ്പെട്ടവര്‍ അത് കൈപ്പറ്റിയെന്ന് ഉറപ്പാക്കണം. ഈ വ്യവസ്ഥയിലേക്കാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് എന്ന ഭേദഗതി വരുന്നത്.
ഇ-മെയിലടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതിന് 1973ലെ സി.ആര്‍.പി.സി സെക്ഷന്‍ 62,91 വകുപ്പുകളില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. സെക്ഷന്‍ 91 എന്നത് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.
സി.ആര്‍.പി.സി കേന്ദ്രനിമമായതിനാല്‍ ബില്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം വേണം. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് വിടാനാണ് സര്‍ക്കാര്‍ ആലോചന. ബില്ലിന് അംഗീകാരം ലഭിച്ചു ചട്ടഭേദഗതി വരുത്തന്ന ഘട്ടത്തിലേ ഇ-മെയില്‍ മതിയോ വാട്‌സ്ആപ്പ് അടക്കമുള്ള മറ്റു മീഡിയകളെ കൂടി ഉള്‍പ്പെടുത്തണോ എന്നതില്‍ അന്തിമ തീരുമാനമെടുക്കൂ.