ന്യൂഡല്‍ഹി: എം. പി സ്ഥാനത്തുനിന്നുള്ള അയോഗ്യത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമല്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍. പി മോഗരെ. അയോഗ്യനാക്കപ്പെടുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള 27 പേജുള്ള ഉത്തരവിലാണ് ജഡ്ജിയുടെ പരാമര്‍ശം.
രാഹുല്‍ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തില്ലെങ്കില്‍ ലോക്‌സഭാ അംഗത്വം അയോഗ്യമാക്കപ്പെടുമെന്നും വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നും രാഹുല്‍ ഗാന്ധിുടെ അഭിഭാഷകന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ആര്‍. പി മോഗരെ വ്യക്തമാക്കി.