ന്യൂഡല്‍ഹി സുഡാനിലെ ആഭ്യന്തരകലാപത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.
കര്‍ണാടകയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 പേരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ ഭക്ഷണം പോലും ലഭ്യമാകാതെ ഇന്ത്യാക്കാര്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവരെ തിരികെയെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്നും ആരോപിച്ച് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.
സിദ്ധരാമയ്യ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രവിദേശകാര്യമന്ത്രി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള വാഗ്വാദം മുറുകി. ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യവും വിദേശത്തുള്ള ഇന്ത്യക്കാരെ അപകടത്തിലാക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും അവിടെയുള്ള ജീവനുകള്‍ അപകടത്തിലാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും സിദ്ധരാമയ്യയ്ക്ക് ജയ്ശങ്കര്‍ മറുപടി കൊടുത്തു.
ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ സിദ്ധരാമയ്യ പ്രതികരിച്ചു. താങ്കള്‍ വിദേശകാര്യമന്ത്രി ആയതിനാലാണ് ഞാന്‍ താങ്കളോട് സഹായം അഭ്യര്‍ഥിച്ചത്. ‘താങ്കള്‍ തിരക്കിലാണെങ്കില്‍ ഞങ്ങളുടെ ആളുകളെ തിരികെ കൊണ്ടുവരാന്‍ സഹായിക്കാന്‍ കഴിയുന്ന ആളുകളെ കാണിച്ചുതരൂ’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുരുതരമായ ഈ സാഹചര്യത്തെ രാഷ്ട്രീയവത്കരിച്ചത് നിരുത്തരവാദപരമാണെന്നും യുദ്ധം ആരംഭിച്ചതുമുതല്‍ ഇന്ത്യന്‍ എംബസി സുഡാനിലെ ഇന്ത്യന്‍ പൗരന്മാരുമായും പി. ഐ. ഒ മാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.
സുഡാനിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കണമെന്നും അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കുറച്ചു ദിവസം കൂടി തുടര്‍ന്നേക്കാമെന്നും ഇന്ത്യന്‍ പൗരന്മാര്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു.
സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഭ്യന്തരകലാപത്തിന് കാരണം. ഏറ്റുമുട്ടലില്‍ 185 പേര്‍ കൊല്ലപ്പെടുകയും 1800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.