കോഴിക്കോട്:എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് നാഥുറാം ഗോഡ്‌സേയെക്കുറിച്ചുള്ള
ചില പരാമര്‍ശങ്ങളും ഹിന്ദു -മുസ്ലീം ഐക്യത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ തീവ്ര ഹിന്ദു വിഭാഗങ്ങളെ പ്രകോപിപ്പിച്ചു എന്ന ഭാഗവും മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ചുള്ള ഭാഗവും മുഗള്‍ ഭരണ ചരിത്രവും ഒഴിവാക്കിയതിനെ ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന സര്‍വ്വോദയ മണ്ഡലം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ശക്തമായി അപലപിച്ചു.
ചരിത്ര സത്യങ്ങളെ തമസ്‌ക്കരിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഇന്ത്യ തുടര്‍ന്നുപോരുന്ന മതേതര-ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്നും യോഗം വിലയിരുത്തി. ആയതിനാല്‍ ഒഴിവാക്ക പ്പെട്ട പാഠഭാഗങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ട് ചരിത്രത്തോട് നീതി കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കണ്‍വെന്‍ഷന്‍ ഡോ.എം.പി മത്തായി ഉദ്ഘാടനം ചെയ്തു. സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി അദ്ധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണന്‍, യു.രാമചന്ദ്രന്‍, തറമ്മല്‍ ബാലകൃഷ്ണന്‍, ഇയ്യച്ചേരി കുഞ്ഞിക്ൃഷ്ണന്‍, പി.പി ഉണ്ണികൃഷ്ണന്‍, സി.പി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.ശിവാനന്ദന്‍ സ്വാഗതവും കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.
സംഘടനയുടെ പുതിയ ഭാരവാഹികളായി ഇയ്യച്ചേരി പത്മിനി(പ്രസിഡന്റ്), ബാലകൃഷ്ണന്‍ തറമ്മല്‍
(വൈ.പ്രസിഡന്റ്), പി.പി.ഉണ്ണികൃഷ്ണന്‍(സെക്രട്ടറി), പി.ശിവാനന്ദന്‍(ജോ.സെക്രട്ടറി ), ടി.ബാലകൃഷ്ണന്‍ (നിവേദക്), കെ.ജയപ്രകാശ് (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ഇ.എച്ച്.സുധീര്‍, ഇ.എ.ബാലര്‍ എന്നിവര്‍ നിരീക്ഷകരായി.