ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലിനു പിന്നാലെ അദാനിയും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറും ബി. ജെ. പി നേതാവുമായ സത്യപാല്‍ മാലിക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിയ്ക്കലും അദാനിയെ കളിയാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യില്ല എന്ന് സത്യപാല്‍ മാലിക് ട്വീറ്റ് ചെയ്തു. അദാനിയെ മോദി കളിയാക്കിയാല്‍ സര്‍ക്കാരിനെ മുഴുവനായും അദാനി വിഴുങ്ങുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പുല്‍വാമ ഭീകരാക്രമണത്തെ സംബന്ധിച്ച സത്യപാല്‍ മാലികിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ സൃഷ്ടിച്ച കോളിളക്കം കെട്ടടങ്ങുന്നതിനു മുമ്പാണ് പുതിയ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നാലുവര്‍ഷം മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി. ആര്‍. പി. എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോള്‍ ഇക്കാര്യം പുറത്തു പറയരുതെന്നാണ് നിര്‍ദ്ദേശം കിട്ടിയതെന്ന വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിരോധത്തിലാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേശകനും തന്റെ സഹപാഠിയുമായ അജിത് ഡോവലും ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് തന്നോടാവശ്യപ്പെട്ടതെന്നും മാലിക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തില്‍ കൊണ്ടുപോകുന്നതിനു പകരം സി. ആര്‍. പി. എഫ് അധികൃതര്‍ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്ന മാലികിന്റെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.